ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഭവന പുനരധിവാസ പദ്ധതിയായ ലൈഫ് മിഷൻ പ്രകാരം ജില്ലയിൽ അപേക്ഷ നൽകിയവരിൽ 14,074 പേർക്ക് വീട് ലഭിച്ചു. 19,638 പേരാണ് അർഹതാ പട്ടികയിൽ ഉൾപ്പെട്ടത്. അപേക്ഷകർക്ക് നാലുഘട്ടങ്ങളായി തിരിച്ചാണ് വീടുകൾ നൽകുന്നത്. വീടുകൾക്ക് പുറമേ ഭവന സമുച്ചയങ്ങളും ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായി നിർമ്മിക്കുന്നുണ്ട്. മണ്ണഞ്ചേരി, പുന്നപ്ര, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് ഭവനസമുച്ചയങ്ങൾ. യഥാക്രമം 28, 156, 144 ഭവനങ്ങളാണ് സമുച്ചയത്തിൽ ഉണ്ടാവുക.

ജില്ലയിൽ ഒന്നാംഘട്ടത്തിൽ 2728 വീടും രണ്ടാംഘട്ടത്തിൽ 9330 വീടും മൂന്നാംഘട്ടത്തിൽ 767 വീടുമാണുള്ളത്. അധിക പട്ടികയിൽ 1249 വീടുണ്ട്.
3503 പേർക്ക് എഗ്രിമെന്റ് ഒപ്പിട്ട് വീട് നിർമ്മാണത്തിനുള്ള ആദ്യഘട്ട തുക കൈമാറി. ഒന്നാംഘട്ടത്തിൽ അർഹരുടെ ലിസ്റ്റിൽ കൂടുതലായി ഉള്ളത് മാവേലിക്കര ബ്ലോക്കിൽനിന്നും രണ്ടാംഘട്ടത്തിൽ കഞ്ഞിക്കുഴി ബ്ലോക്കിൽനിന്നുമുള്ളവരാണ്.

അമ്പലപ്പുഴ ബ്ലോക്കിൽ നിന്നുള്ളവരാണ് മൂന്നാംഘട്ടത്തിൽ കൂടുതലായി. അധികപട്ടികയിൽ പട്ടണക്കാട് ബ്ലോക്കിൽ നിന്നുള്ളവരാണ് കൂടുതലായി ഉൾപ്പെട്ടത്. അപേക്ഷകരിൽ 582 പേര് സാങ്കേതികവും അല്ലാത്തതുമായ പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം പുറത്തായിട്ടുണ്ട്. ഇതിൽ 196 പേർ തീരദേശ പരിപാലന നിയമം കാരണവും 94 പേർ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാലും 107 പേർ ജോയിന്റ് പ്രോപ്പർട്ടി ആയതിനാലും 49 പേർക്ക് റീബിൽഡ് കേരള വഴി സഹായം ലഭിച്ച കാരണത്താലും 136 പേർ മറ്റ് കാരണങ്ങളാലുമാണ് പട്ടികയിൽനിന്നും പുറത്തായത്. ഇതിന് പുറമെ അർഹരുടെ പട്ടികയിൽനിന്നും 735 പേർക്ക് മറ്റ് പല പദ്ധതികൾ വഴിയും വീട് ലഭിച്ചിട്ടുണ്ട്.