തിരുവനന്തപുരം: ഏറ്റവും ചർച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്നത്. ആരാധകർ കാത്തിരുന്ന പ്രഖ്യാപനത്തിന് മോഹൻലാൽ തന്നെയായിരുന്നു സ്ഥിരീകരണം നൽകിയിരുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു മോഹൻലാൽ എഴുതിയിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം വൈകാതെ തുടങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ 2023 ജനുവരി 10ന് ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അവസാനഘട്ട പ്രി- പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ട്വീറ്റിലുണ്ട്. നിലവിൽ 'റാം' എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.

മമ്മൂട്ടി നായകനായ 'നാൻ പകൽ മയക്കം' എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിർമ്മാണം. 'ആമേൻ' മൂവി മൊണാസ്ട്രിയുടെ ബാനറിൽ സഹനിർമ്മാതാവായി ലിജോയും ഒപ്പമുണ്ട്.

'എലോൺ ആണ് മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിൽ ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.