ചെന്നൈ: തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിലേക്ക് തിരിച്ചെത്തി. നടൻ ശിവകാർത്തികേയൻ ദത്തെടുത്ത അഞ്ചര വയസ്സുള്ള 'ശെഹര്യാർ' എന്ന സിംഹമാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം കൂട്ടിലേക്ക് തിരികെയെത്തിയത്. സിംഹം സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും മൃഗശാല അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള വണ്ടല്ലൂർ മൃഗശാലയിലെ 1490 ഏക്കർ വിസ്തൃതിയുള്ള സഫാരി പാർക്കിൽ നിന്ന് സിംഹത്തെ കാണാതായത്. 2023-ൽ ബെംഗളൂരു മൃഗശാലയിൽ നിന്ന് ചെന്നൈയിലെത്തിച്ച ശെഹര്യാർ, 50 ഏക്കറിലുള്ള സഫാരി മേഖലയിലാണ് ഉണ്ടായിരുന്നത്. വൈകുന്നേരത്തോടെ ഭക്ഷണത്തിനായി കൂട്ടിലേക്ക് മടങ്ങുമെന്നാണ് അധികൃതർ കരുതിയത്. എന്നാൽ, സിംഹം തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെ ജീവനക്കാർ സഫാരി മേഖലയിൽ വളരെ ദൂരെ സിംഹത്തെ കണ്ടെങ്കിലും അത് ഓടിമറയുകയായിരുന്നു.

തുടർന്ന്, മൃഗശാല അധികൃതർ അഞ്ചു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് സിംഹത്തിനായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് സിംഹം സ്വയം കൂട്ടിലേക്ക് തിരിച്ചെത്തിയത്. സിംഹം സ്വയം തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് സ്ഥിരീകരിച്ചു. സിംഹം ഭക്ഷണം കഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.