കാസർകോട്: വിവേക് എക്സ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ 24 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിലെ എസി കോച്ച് അറ്റൻഡറും പശ്ചിമബംഗാൾ സ്വദേശിയുമായ പ്രദീപ് സാമന്തയെ (51) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ പത്തുമണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ വിവേക് എക്സ്പ്രസിലാണ് റെയിൽവേ പോലീസിന്റെ പരിശോധന നടന്നത്. ട്രെയിനിലെ ജീവനക്കാരുടെ കാബിനിൽ ഒളിപ്പിച്ച നിലയിലാണ് ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യം കണ്ടെത്തിയത്. കോഴിക്കോട് റെയിൽവേ ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. റെയിൽവേ പോലീസ് സൂപ്രണ്ട് ഷെഹൻഷായുടെ നിർദേശപ്രകാരമാണ് റെയ്ഡ് നടന്നത്.

പിടികൂടിയ 24 കുപ്പി വിദേശമദ്യം തുടർ നടപടികൾക്കായി കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറി. പരിശോധന സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ് കോഴിക്കോട്, സി.പി.ഒമാരായ രമേശ്, റനീത് എന്നിവരും ഉൾപ്പെട്ടിരുന്നു. ട്രെയിനുകളിൽ മയക്കുമരുന്ന്, മദ്യം എന്നിവയുടെ വിൽപനയും കടത്തും തടയുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ രക്ഷിത' നടപ്പിലാക്കുന്നത്.