കൊല്ലം: സര്‍ക്കാര്‍ മദ്യ വിതരണ ശാലയില്‍ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തേവലക്കര സ്വദേശിയായ ശരത്തിനെയാണ് ചവറ തെക്കുംഭാഗം പൊലീസ് പിടികൂടിയത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസ് ഔട്ട്ലെറ്റിലായിരുന്നു മോഷണം നടന്നത്. ദിവസേനയുള്ള കണക്കെടുപ്പില്‍ മദ്യക്കുപ്പികള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്.

ഉപഭോക്താക്കള്‍ക്ക് നേരിട്ട് മദ്യം തിരഞ്ഞെടുക്കാന്‍ സൗകര്യമുള്ള പ്രീമിയം കൗണ്ടറായതിനാല്‍, ഇത് മുതലെടുത്ത് ഓരോ ദിവസവും കുപ്പികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ പലപ്പോഴായി 40 കുപ്പികളാണ് ശരത്ത് മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.