തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു വകുപ്പിന് കീഴിലാക്കാനായുള്ള ഏകീകൃത തദ്ദേശസ്വയംഭരണ സർവീസിന്റെ പ്രത്യേക ചട്ടങ്ങൾ നിലവിൽ വന്നു.ഇതിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നു.പുതുക്കിയ ചട്ട പ്രകാരം ഏകീകൃത വകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടറാണ് മേധാവി. ഇതോടെ പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മിഷണർ തസ്തികകൾ ഇല്ലാതാകും.റൂറൽ, അർബൻ ഡയറക്ടർമാരാണ് പകരമുണ്ടാവുക.ഈ മൂന്ന് തസ്തികകളിലും ഐ.എ.എസ്. ഉദ്യോഗസ്ഥർക്കായിരുക്കും നിയമനം.

മറ്റുള്ള പ്രധാന നിയമനങ്ങൾക്കും മാറ്റമുണ്ടാകും എൻജിനിയറിങ് വിഭാഗത്തിൽ ചീഫ് എൻജിനീയറായിരിക്കും മേധാവി.ആസൂത്രണവിഭാഗത്തിൽ ചീഫ് ടൗൺ പ്ലാനറും.ജില്ലാതലത്തിൽ ജോയിന്റ് ഡയറക്ടറായിരിക്കും മേധാവി.ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും തത്തുല്യപദവിയാകും ഉണ്ടാവുക.

പുതിയ ചട്ടങ്ങൾ നിലവിൽ വന്നതോടെ പഞ്ചായത്തുവകുപ്പ്, നഗരകാര്യവകുപ്പ്, മുനിസിപ്പൽ കോമൺ സർവീസ്, ഗ്രാമവികസനവകുപ്പ്, നഗരാസൂത്രണവകുപ്പ്, തദ്ദേശസ്വയംഭരണ എൻജിനിയറിങ് വിഭാഗം എന്നിവ ഒറ്റ സർവീസായി മാറും.അനുബന്ധ സർവീസുകളിൽ നിലവിലുണ്ടായിരുന്ന ചട്ടങ്ങളും അസാധുവായി.

സ്ഥലം മാറ്റൽ നടപടികൾക്കടക്കം പുതിയ ചട്ടപ്രകാരം മാറ്റങ്ങൾ വരും.ഒരു കാറ്റഗറിയിൽപ്പെട്ട ഉദ്യോഗസ്ഥനെ അതേ കാറ്റഗറിയിലെ ഏതൊരു തസ്തികയിലേക്കും സ്ഥലംമാറ്റാൻ ചട്ടം വ്യവസ്ഥ ചെയ്യുന്നു.ഉദാഹരണത്തിന് ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ളയാളെ കോർപ്പറേഷൻ സെക്രട്ടറിയായോ ജില്ലാപഞ്ചായത്ത് സെക്രട്ടറിയായോ തിരഞ്ഞെടുപ്പു കമ്മിഷനടക്കമുള്ള വിവിധ വിഭാഗങ്ങളിൽ ജോയിന്റ് ഡയറക്ടറായോ മാറ്റിനിയമിക്കാം.

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി (ഗ്രേഡ്-3), സീനിയർ സൂപ്രണ്ട്, ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയ തസ്തികളിലുള്ളവരെയും പരസ്പരംമാറ്റി നിയമനം നൽകാമെന്നും ചട്ടം അനുശാസിക്കുന്നു.

കോർപ്പറേഷൻ സെക്രട്ടറിമുതൽ പഞ്ചായത്ത് സെക്രട്ടറിവരെയുള്ള സെക്രട്ടറി തസ്തികകളിലേക്ക് സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ കിട്ടുന്ന ജീവനക്കാർ കിലയിൽ ഒരു മാസത്തെ പ്രത്യക പരിശീലനത്തിൽ പങ്കെടുക്കണം. ചട്ടങ്ങൾ നിലവിൽവരുന്നതിനുമുമ്പ് സർവീസിലുള്ള എല്ലാ ജീവനക്കാരുടെയും സീനിയോറിറ്റി സംരക്ഷിക്കപ്പെടുകയും സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുകയും ചെയ്യും.

എക്‌സ്റ്റെൻഷൻ ട്രെയിനിങ് സെന്ററുകളിൽ ജോലിചെയ്യുന്ന വിവിധ തസ്തികകളിലുള്ളവരുടെ സ്‌പെഷ്യൽ റൂൾ ഇതിലെ അവസാനത്തെയാൾ വിരമിക്കുന്നതുവരെ മാറ്റമില്ലാതെ തുടരും. ഓരോ തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസയോഗ്യതയും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രത്യേക ചട്ടങ്ങൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഒരു വർഷത്തേക്ക് പ്രത്യക പരിഹാരസംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.