തിരുവനന്തപുരം: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12നും വോട്ടെണ്ണൽ 13നും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നാളെ മുതൽ 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 27 വരെ പിൻവലിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടമുള്ളത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും. 33 വാർഡുകളിലായി നാല് പ്രവാസി വോട്ടർമാർ ഉൾപ്പെടെ ആകെ 1,43,345 വോട്ടർമാരുണ്ട്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും അതിൽ ഉൾപ്പെടും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയോ മരണമോ അയോഗ്യതയോ മൂലമുണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും ഇരുപത്തിനാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി ആകെ 192 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ ചുവടെ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)

തിരുവനന്തപുരം: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ 9-മണമ്പൂർ.
കൊല്ലം: തഴവാ ഗ്രാമ പഞ്ചായത്തിലെ 18-കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20-വിലങ്ങറ, കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ 08-വായനശാല.
പത്തനംതിട്ട: മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12-കാഞ്ഞിരവേലി, റാന്നി ഗ്രാമ പഞ്ചായത്തിലെ 07-പുതുശ്ശേരിമല കിഴക്ക്.
ആലപ്പുഴ: കായംകുളം നഗരസഭയിലെ 32-ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01-തിരുവൻവണ്ടൂർ.
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01-ആനക്കല്ല്, 04-കൂട്ടിക്കൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10-അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04-മേലടുക്കം.
ഇടുക്കി: ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ 10-മാവടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07-നെടിയകാട്.
എറണാകുളം: വടവുകോട്-പുത്തൻ കുരിശ് ഗ്രാമ പഞ്ചായത്തിലെ 10-വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13-കോരങ്കടവ്.
തൃശൂർ: മാള ഗ്രാമ പഞ്ചായത്തിലെ 14-കാവനാട്.
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07-പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06-കണ്ണോട്, പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ 14-തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ 11-പള്ളിപ്പാടം, ജി.90 വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 06-അഞ്ചുമൂർത്തി.
മലപ്പുറം: ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16-ഒഴൂർ.
കോഴിക്കോട്: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14-കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16-ചല്ലി വയൽ, മടവൂർ ഗ്രാമ പഞ്ചായത്തിലെ 05-പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ 13-പാറമ്മൽ.
വയനാട്: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03-പരിയാരം.
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10-ചൊക്ലി.
കാസർഗോഡ്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22-കോട്ടക്കുന്ന്.