- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടൽ പാക്കണ്ടം മേഖലയിൽ വീണ്ടും പുലിയിറങ്ങി; രണ്ട് ആടുകളെ കൊന്നു; കൂട് സ്ഥാപിച്ച വനപാലകർ; ഭീതിയിൽ മുറിഞ്ഞകൽ പ്രദേശം
കോന്നി: മുൻപ് പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന മുറിഞ്ഞകൽ പാക്കണ്ടം മേഖലയിൽ വീണ്ടും ആക്രമണം. ഇത്തവണ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. കൂടൽ മുറിഞ്ഞകൽ പാക്കണ്ടം വള്ളിവിളയിൽ രണേന്ദ്രന്റെ തൊഴുത്തിൽ നിന്നിരുന്ന രണ്ട് ആടുകളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഒന്നിനെ കടിച്ചു കൊന്നു അവിടെ തന്നെ ഇട്ടു. മറ്റൊന്നിനെ വലിച്ചിഴച്ച് കൊണ്ടു പോയതായി കരുതുന്നു.
മാസങ്ങൾക്കു മുൻപ് രണേന്ദ്രൻ ആടുകളെ സമീപത്തെ ഫാത്തിമ തോട്ടത്തിൽ മേയാൻ വിട്ടപ്പോൾ പുലി പിടിച്ചിരുന്നു. അവിടെ വെച്ച് തന്നെ പാക്കണ്ടം അശ്വതി ഭവനിൽ പവിൻ കുമാറിന്റെ മൂരിക്കിടാവിനെയും മുരുകന്റെ ആടുകളെയും പുലി കൊന്നു തിന്നു. കൂട്ടത്തോടെ പുലിയെത്തുന്നുവെന്ന് അറിഞ്ഞിട്ടും വനം വകുപ്പിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തു നിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡാണിത്. പുലിയിറങ്ങിയ വാർത്ത അറിഞ്ഞതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്. വനപാലകർ രണേന്ദ്രന്റെ വീട്ടിലെത്തി തൊഴുത്തും കൊല്ലപ്പെട്ട ആടിനെയും പരിശോധിച്ചു. ആക്രമിച്ചത് പുലി തന്നെയാണെന്ന നിഗമനത്തിലാണ് വനപാലകർ. സ്ഥലത്ത് വനം വകുപ്പ് കൂടും സ്ഥാപിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ കോന്നി സ്ട്രൈക്കിങ് ഫോഴ്സ് ആണ് കൂടു സ്ഥാപിച്ചത്.
ഈ മേഖലയിൽ പുലിയെ പിടികൂടാനുള്ള രണ്ടാമത്തെ കൂടാണ് സ്ഥാപിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇഞ്ചപ്പാറ വെള്ളമൊഴുകും പാറയിൽ ബാബുവിന്റെ വീട്ടിലെ പശുക്കിടാവിനെയും ആടിനെയും പുലി തുടർച്ചയായ രണ്ട് ദിവസങ്ങളിലായി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പുലി കൂട്ടമായി വന്നത് കണ്ടവരുണ്ട്. ഇതേ തുടർന്നാണ് ഇവിടെ കൂട് സ്ഥാപിച്ചതെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇതിന് എതിർവശത്താണ് ഇപ്പോൾ പുലിയിറങ്ങിയ പാക്കണ്ടം മേഖല.
ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി, മുറിഞ്ഞകൽ, നെടുമൺകാവ് തുടങ്ങിയ പ്രദേശങ്ങളിൽ പുലി സാന്നിധ്യം ഉണ്ടാകുകയും വളർത്തുമൃഗങ്ങളെ കൊലപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ട് ഒന്നര വർഷത്തിലേറെയായതായും വനപാലകർ ഇതിനെ പിടികൂടുന്നതിനോ, ഉൾകാട്ടിലേക്ക് തിരികെയാക്കാനോ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഇടയ്ക്കിടെ പുലിയുടെ സാന്നിധ്യവും, ആക്രമണവും ഉണ്ടാകാൻ ഇടയാക്കിയിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്