മലപ്പുറം : എടപ്പാൾ നഗരത്തിൽ പൊട്ടിത്തെറി. വൈകിട്ട് ഏഴേകാലോടെയാണ് ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഞെട്ടിയത്. എടപ്പാൾ സെന്ററിലെ റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം പൊട്ടിത്തെറിയിൽ തകർന്നു. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് അന്വേഷണം തുടങ്ങി.

സമീപത്തുനിന്നും സ്ഫോടകവസ്തുവിന്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു. ഇതിന് പുറമെ ടൗണിൽ സ്ഥാപിച്ച ക്യാമറകളും പൊലീസ് പരിശോധിക്കും. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പെട്ടന്നാണ് ഗുണ്ടു പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടത്. ഈ സമയം ശബ്ദം കേട്ട സ്ഥലത്തിന് സമീപത്ത് കൂടെ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. പെട്ടന്നാണ് എടപ്പാൾ പ്രദേശത്താകെ പുകനിറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.

വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.