തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ എത്തിയത് കേരളീയത്തിനുള്ള അംഗീകാരമമെന്ന് മന്ത്രി എം ബി രാജേഷ്. കേരളീയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മണിശങ്കർ അയ്യരുടെ വരവ് മാതൃകയാണ്. ഇത്തരം സംവാദവേദികളിലേക്കുള്ള വിലക്ക് ജനാധിപത്യവിരുദ്ധമാണ്. കേരളീയം വേദിയിൽ സ്വന്തം രാഷ്ട്രീയം അവതരിപ്പിച്ചപ്പോഴും കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിക്കാൻ മണിശങ്കർ അയ്യർ മടികാണിച്ചില്ലെന്നത് വിശാല സമീപനമാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

താൻ മന്ത്രിയായകാലം മുതൽ കെഎസ്‌യു തനിക്കെതിരേ പ്രതിഷേധിക്കുന്നുണ്ടെന്നും എന്തിനുവേണ്ടിയാണെന്ന് അവർക്കും തനിക്കും അറിയില്ലെന്നും മന്ത്രി ആർ ബിന്ദു മറുപടി നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, മീഡിയാ അക്കാഡമി ചെയർമാൻ ആർ എസ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.