തിരുവനന്തപുരം: നഗരസഭയിൽ 295 താൽകാലിക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എഴുതിയെന്ന് പറയുന്ന ആൾ എഴുതിയില്ലെന്നും മേൽവിലാസക്കാരൻ കിട്ടിയില്ലെന്നും പറയുന്ന കത്തിനെക്കുറിച്ച് ഒന്നും പറയാൻ ഇല്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

കോർപ്പറേഷനിലെ നിയമനങ്ങളിൽ ആളെ നിർദ്ദേശിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യർത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തിൽ പ്രതികരണവുമായി മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. മേയർ എന്ന നിലയിൽ കത്ത് തയ്യാറാക്കുകയും അതിൽ ഒപ്പിടുകയും ചെയ്തിട്ടില്ല. കത്ത് ആരെങ്കിലും ബോധപൂർവ്വം നിർമ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാൻ പറ്റു. അത്തരമൊരു കത്തുകൊടുക്കുന്ന ശീലം സിപിഎമ്മിനില്ല. അങ്ങനെ ഇടപെടൽ ഇതുവരെയും നടത്തിയിട്ടില്ല. ഇനി നടത്താൻ ഉദ്ദേശിക്കുന്നുമില്ല, ആര്യാ രാജേന്ദ്രൻ പറഞ്ഞു. കത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മേയർ.

മേയറുടെ ഓഫീസിൽ നിന്ന് വ്യക്തമാക്കിയതുപോലെ അത്തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ല. അതാണ് സത്യാവസ്ഥ എന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. തന്റേതല്ലാത്ത കത്തിന്റെ ഉറവിടം എന്താണെന്ന് പരിശോധിക്കണം. അതുപയോഗിച്ച് ചില ഇടങ്ങളിൽനിന്ന് മേയർ എന്ന നിലയിൽ തന്നെ അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്നും ആര്യ മാധ്യമങ്ങളോട് പറഞ്ഞു.