തിരുവനന്തപുരം: കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് കെമു തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അതിർത്തിയിലെ ഇടറോഡുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാനാണ് 'കെമു' എന്ന പട്രോളിങ് സംവിധാനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ നാല് യൂണിറ്റുകളാണ് തയ്യാറായത്. തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓരോ യൂണിറ്റുകൾ നിയോഗിക്കും. എക്സൈസ് ഓഫീസർമാരടങ്ങിയ പരിശോധനാസംഘം അതിർത്തിയിലെ ഇടറോഡുകളിൽ 24 മണിക്കൂറും പരിശോധന നടത്തും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

കേരളത്തിലെ എക്സൈസ് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്നും, ഈ പ്രക്രീയ കൂടുതൽ ശക്തിപെടുത്താൻ ഉതകുന്ന പദ്ധതിയാണ് 'കെമു'വെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. 'കെമു' ആരംഭിക്കുന്നതോടെ ലഹരിക്കടത്ത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഏതു വാഹനവും എവിടെവച്ചും പരിശോധിക്കാൻ ഇവർക്ക് അധികാരവുമുണ്ട്. അടുത്തഘട്ടമായി മറ്റ് അതിർത്തി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അമരവിള ജിഎസ്ടി പാർക്കിങ് യാർഡിൽ നടന്ന ചടങ്ങിൽ കെ ആൻസലൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി കെ രാജ് മോഹനൻ, എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ, അഡിഷണൽ കമ്മീഷണർ ഡി രാജീവ് എന്നിവർ സംസാരിച്ചു.