തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ അതിജീവിത പരാതി നല്‍കിയ രീതി വിചിത്രമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എം.എം ഹസന്‍. 'അതിജീവിതയെ വിളിച്ചുവരുത്തി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി എഴുതി വാങ്ങിച്ചതാണ്. മൂന്ന് മാസം പരാതി ഇല്ല എന്നാണ് പറഞ്ഞത്. ഇതിന് ശേഷം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി പരാതി കൊടുത്തത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍ ആകുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്' ഹസന്‍ പറഞ്ഞു.

സമാന ആരോപണം നേരിട്ട സിപിഎം എംഎല്‍എമാര്‍ രാജിവച്ചോയെന്നും ഹസന്‍ ചോദിച്ചു. 'കേസിന്റെ നിയമനടപടികള്‍ നേരിടേണ്ടത് രാഹുലാണ്.അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കേസില്‍ അന്തിമ വിധി വരട്ടെ,എന്നിട്ടാകാം എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുന്നത്. രാഹുലിന് കടുത്ത ശിക്ഷ പാര്‍ട്ടി നല്‍കിയിട്ടുണ്ട്.' ഹസന്‍ പറഞ്ഞു.