- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂർണമായി ഒഴിവാക്കി: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കി. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കിന്റെ 24 മുതൽ 48 ശതമാനം വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങൾക്ക് 12 ശതമാനവും അഞ്ച് ശതമാനവും ആയിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്.
കായികപ്രേമികളുടെ അഭ്യർത്ഥന മാനിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും സർക്കാർ നികുതി പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും, കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇന്ത്യ- നെതർലാൻഡ് പോരാട്ടം മൂന്നാം തീയതിയാണ്. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമാവും ഇത്. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെയും 30ന് ദക്ഷിണാഫ്രിക്ക നെതർലന്റിനെയും ഒക്ടോബർ രണ്ടിന് ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെയും നേരിടും.




