മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വം മുസ്ലിംലീഗിന്റെ രാഷ്ട്രീയനേതൃത്വമായി മാറുന്ന അപകടകരമായ പ്രവണതയാണ് നിലവിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. സിപിഐ എം പൊന്നാനി ഏരിയാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും കാലത്ത് ലീഗ് ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലര്‍ ഫ്രണ്ടുമായും പൊതുവായൊരു അകലം പാലിച്ചിരുന്നു.

കേരളത്തിലെ മഹാഭൂരിപക്ഷം മുസ്ലിങ്ങളും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും സ്വീകരിക്കുന്നവരായിരുന്നില്ലെന്ന പൊതുസാഹചര്യത്തിന്റെ സ്വാധീനംകൊണ്ടുകൂടിയാവാം ലീഗ് ആ നിലപാടെടുത്തത്. എന്നാല്‍, ഇന്ന് ലീഗിന്റെ നയരൂപീകരണ സമിതിയായി ജമാഅത്തെ ഇസ്ലാമിയുടെ പോപ്പുലര്‍ഫ്രണ്ട് പങ്കാളിത്തമുള്ള ശൂറ മാറി. ലീഗിന്റെ നയം സ്വീകരിക്കുന്നത് ഈ ശക്തികളാണ്. അതിന് വിനീതമായി കീഴടങ്ങുകയാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ലീഗിന്റെ കാഴ്ചപ്രസിഡന്റ് മാത്രമായി.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുദ്രാവാക്യമാണ് കേരളത്തിലെ യുഡിഎഫും സംഘപരിവാറും ഉയര്‍ത്തിപ്പിടിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു കൈ ആര്‍എസ്എസിന്റെ തോളിലും മറു കൈ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തോളിലാണ്. കേരളത്തില്‍ എല്‍ഡിഎഫിനെതിരായി ഒരുചലനമുണ്ടാക്കുകയാണ് ഇവരുടെ ശ്രമം. ഈ താല്‍പ്പര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന ഒരുവിഭാഗം മാധ്യമങ്ങളുമുണ്ട്. ഈ വിചിത്രമായ കൂട്ടുകെട്ടിനെയാണ് നാം നേരിടേണ്ടതെന്നും എം സ്വരാജ് പറഞ്ഞു.