തിരുവനന്തപുരം: ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ഫലിതമാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം. അമേരിക്കയും ഇസ്രായേലും മനുഷ്യവംശത്തിന്റെ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും കൊല്ലപ്പെടുന്നവരൊക്കെയും നമ്മുടെ സഹോദരങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'സാമ്രാജ്യത്വം തുലയട്ടെ' എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക...

ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു. ഭൂമി മൃതശരീരങ്ങൾ കൊണ്ടും. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നു. അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്.

എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും. ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ, ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്.

അമേരിക്കയും, ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്. കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്. യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിനു വഴികാട്ടുമ്പോൾ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ.... സാമ്രാജ്യത്വം തുലയട്ടെ....