കണ്ണൂർ: കണ്ണൂർ സർവകലാശാല വിസിയെയും ചരിത്രകാരൻ ഇർഫാൻ ഹബീബിനെയും ക്രിമിനലെന്നും ഗുണ്ടയെന്നും വിളിച്ച ഗവർണർക്ക് മനോരോഗമുണ്ടെന്നു സംശയിക്കുന്നതായി സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്ന ഗവർണർ മാപ്പുപറയുക, ചാൻസലർ അക്കാദമിക് മര്യാദകൾ ലംഘിക്കാതിരിക്കുകയെന്ന മുദ്രാവാക്യങ്ങളുയർത്തി കണ്ണൂർ സർവകലാശാല സംരക്ഷണ സമിതി നടത്തിയ സർവകലാശാല സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മീഡിയാമാനിയാക്കാണ് ഗവർണർ. ചരിത്രത്തിലിതുവരെ ഇങ്ങനെ മാധ്യമങ്ങൾക്കു മുൻപിൽ വരുന്ന ഒരു ഗവർണറുണ്ടായിട്ടില്ല. ഗവർണറുടെ പദവിക്ക് നിരക്കാത്തതാണ് പൗരത്വഭേദഗതിക്ക് അനുകൂലമായ പരാമർശമെന്നു ചൂണ്ടിക്കാട്ടുകയാണ് 2019-ചരിത്രകോൺഗ്രസിൽ പങ്കെടുത്ത ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടിയത്. അന്നത്തെ രാജ്യസഭാ എംപി കെ.കെ രാഗേഷും വേദിയിൽ വെച്ചു ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള പ്രസംഗത്തെ എതിർക്കുകയുണ്ടായി.

എന്നാൽ വി സി ഈ സംഭവം നടക്കുമ്പോൾ കസേരയിൽ നിന്നും എഴുന്നേറ്റിരുന്നില്ല. ആ വി സിയാണ് തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതെന്നു ഗവർണർ ആരോപിക്കുന്നത്. നിയമനങ്ങൾ ശരിയോ തെറ്റോയെന്നതു ആരാണോ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുത്തത് അവരാണു പറയേണ്ടത്. കണ്ണൂർ സർവകലാശാലയിൽ നിലവിലുള്ള യുജിസി ചട്ടമാണ് മാനദണ്ഡമായി തെരഞ്ഞെടുക്കുന്നത്. എല്ലാസർവകലാശാലകളിലും അങ്ങനെ തന്നെയാണ് ചെയ്യുന്നത്.

ഒരു നടപടിയെടുത്തതിനു ശേഷമാണ് ചാൻസലർ ഷോക്കോസ് നോട്ടീസെടുത്തത്. നിയമത്തിൽ പറയുന്നതെന്താണ് ഷോക്കോസ് നോട്ടീസ് കൊടുത്തതിനു ശേഷമാണ് നടപടിയെന്നാണ്. അഞ്ചമുക്കാലിന് മാാധ്യമങ്ങളോട് പറയുന്നു അസോസിയേറ്റഡ് പ്രൊഫസർ നിയമന വിഷയത്തിൽ നടപടിയെടുത്തിട്ടുണ്ടെന്ന്. ആറേ മുക്കാലിന് സർവകലാശാല മെയിലിൽ ഗവർണറുടെ ഓഫീസിൽനിന്നും അറിയിപ്പുലഭിക്കുന്നു നിയമനം മരവിപ്പിച്ചുവെന്ന്. അപ്പോൾ പിന്നെ ഇദ്ദേഹത്തിന് മനോരോഗമല്ലാതെ വേറേന്താണ് പറയുകയെന്നും ജയരാജൻ ചോദിച്ചു.

വണ്ടിയുടെ പുറകിൽ കാളയെ കൊണ്ടുകെട്ടുകയാണ് ഗവർണർ ചെയ്യുന്നത്. ഗവർണറുടെ ഓഫീസിൽ ജീവനക്കാരെ നിയമിച്ചത് പി. എസ്.സി വഴിയോ മറ്റുനിയമപ്രകാരമാണോയെന്നു വ്യക്തമാക്കണം. സംസ്ഥാന സർക്കാരാണ് അവർക്കു ശമ്പളം കൊടുക്കുന്നത്. ജന്മഭൂമിയിൽ ജോലി ചെയ്യുന്നയാളെ നിയമിച്ചിട്ടും സംസ്ഥാനസർക്കാർ എതിർത്തില്ലെന്നു ഓർക്കണമെന്നും ജയരാജൻ പറഞ്ഞു. രണ്ടു കാലിലും മന്തുള്ള ഗവർണർ വെള്ളത്തിൽ നിന്നുകൊണ്ടാണ് കണ്ണൂർ സർവകലാശാല വി സിയെ നോക്കി മന്തായെന്നു വിളിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

എസ്. എഫ്. ഐ, എ.കെ.പി.സി.ടി. എ,.െകെ.ജി.സി.ടി,കെ.യു.ടി.സി, കെ.യു. ഇ.യു,ക. എൻ.ടി. ഇ. ഒ, എസ്. എഫ്. സി.ടി. എസ്. എ എന്നീ ഏഴ് അദ്ധ്യാപക, അനധ്യാപക,വിദ്യാർത്ഥി സംഘടനകളുടെ സംയുക്തയോഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചെറുശേരി ഹാളിൽ നടന്ന പരിപാടിയിൽ ടി.കെ പ്രിയ അധ്യക്ഷയായി. സിൻഡിക്കേറ്റംഗം എൻ.സുകന്യ മുഖ്യപ്രഭാഷണം നടത്തി. വൈഷ്ണവ് മഹീന്ദ്രൻ, സാരംഗ്, ആർ.കെ സുനിൽകുമാർ, സി.നന്ദനൻ, പി.കെ സാജു, ഡോ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.