- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുന്നാസിർ മഅ്ദനി അൻവാർശേരിയിൽ എത്തി; ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ സ്വീകരിച്ചു പി.ഡി.പി പ്രവർത്തകരും നാട്ടുകാരും
ശാസ്താംകോട്ട: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അൻവാർശേരിയിൽ എത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി സ്വന്തം നാട്ടിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.45നാണ് മഅ്ദനി അൻവാർശ്ശേരിൽ എത്തിയത്. വലിയ സ്വീകരണം തന്നെയാണ് ഇവിടെ അദ്ദേഹത്തിന് ഒരുക്കിയിരുന്നതും.
ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പി.ഡി.പി പ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വൻ ജനാവലി തന്നെ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തി. വ്യാഴാഴ്ച 11.30 ഓടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ടായിരുന്നു.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി വേണമെങ്കിൽ പൊലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥ പരിഷ്‌കരിച്ച് ഉത്തരവിട്ടത്.
കിടപ്പിലായ പിതാവിനെ സന്ദർശിക്കാൻ ഏപ്രിൽ 17ന് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നൽകിയിരുന്നു. എന്നാൽ, സുരക്ഷാ ചെലവിനത്തിൽ അന്നത്തെ കർണാടക സർക്കാർ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കി.




