- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടക്കുന്ന അമ്മയുടെ തല ചിരവെ കാണ്ടു അടിച്ചു തകർത്തു; അമ്മയുടെ നിലവിളി കേട്ടെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന മകനെ; മടിക്കൈയെ ഞെട്ടിച്ച് സുജിത്തിന്റെ അക്രമവും ആത്മഹത്യയും
പരിയാരം: ഉറങ്ങികിടന്ന മാതാവിന്റെ തലയിൽ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തല അടിച്ച് തകർത്ത് വിദ്യാർത്ഥിയായ മകൻ തൂങ്ങിമരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. മടിക്കൈ ആലയിലെ പട്ടുവക്കാരൻ വീട്ടിൽ സുധയുടെ മകൻ സുജിത്താണ്(19) മാതാവിനെ ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.
സുധയുടെ നിലവിളികേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോൾ വീട്ടിന് പുറത്ത് തലതകർന്ന് രക്തം വാർന്നൊഴുകിയ നിലയിൽ സുധയെ കണ്ടെത്തുകയായിരുന്നു. വീട്ടിനകത്ത് കയറിനോക്കിയപ്പോഴാണ് സുജിത്തിനെ തൂങ്ങിയനിലയിലും കണ്ടത്. ഇരുവരെയും നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു.
സുജിത്ത് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലയിൽ അഴിക്കോടൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നലെ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. കലാപരിപാടികൾ കാണാൻ സുജിത്തും ഉണ്ടായിരുന്നു. രാത്രി വൈകിയാണ് സുജിത്ത് വീട്ടിലേക്ക് പോയത്. തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്.
സുധയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഓണാഘോഷ പരിപാടി കഴിഞ്ഞ് വരാൻ വൈകിയതിനെ തുടർന്ന് വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. കയ്യൂർ ഗവൺമെന്റ് ഐടിഐയിലെ ഒന്നാംവർഷ വിദ്യാർത്ഥിയാണ് സുജിത്ത്. ഹൊസ്ദുർഗ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റു മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.




