കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ്. പരാതിയില്ലെന്ന് അദ്ധ്യാപകൻ തന്നെ പൊലീസിനെ അറിയിച്ചതോടെയാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന കോളജ് കൗൺസിൽ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോളജ് അധികൃതർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.

പൊലീസ് കോളജിലെത്തി അദ്ധ്യാപകനിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും സംഭവത്തിന്റെ വിഡിയോ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അദ്ധ്യാപകൻ നിലപാടെടുത്തിരുന്നു.

കോളജിന്റെ പ്രാഥമികാന്വേഷണത്തെ തുടർന്ന് കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫാസിൽ, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായിരുന്നു.