- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിസംഘർഷം;ആദ്യം അടികിട്ടിയത് കെ എസ് യുക്കാരന്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിന് കാരണം മുടി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കം. ഒരു വിദ്യാർത്ഥി മുടി കെട്ടിവെച്ചത് സസ്പെൻഷനിലുള്ള മറ്റൊരു വിദ്യാർത്ഥി ചോദ്യം ചെയ്തതിൽനിന്നാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. സംഘർഷത്തിൽ മൂന്ന് കെ.എസ്.യു. പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ. പ്രവർത്തകനും സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാംവർഷ വിദ്യാർത്ഥി പ്രതിനിധിയും ബി.കോം. വിദ്യാർത്ഥിയുമായ കെ. അഹമ്മദ് അഫാം, മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്, മ്യൂസിക് വിദ്യാർത്ഥി ഡാനിഷ്, ഒന്നാം വർഷ വിദ്യാർത്ഥി അഭിജിത്ത് എന്നിവരാണ് ചികിത്സയിലുള്ളത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മൂന്നാംവർഷ വിദ്യാർത്ഥി പ്രതിനിധിയായി കെ.എസ്.യു. പാനലിൽ ജയിച്ച കെ. അഹമ്മദ് അഫാമിനെയാണ് ആദ്യം ക്രൂരമായി മർദിച്ചത്. തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. പ്രതിനിധി പരാജയപ്പെട്ടതിലുള്ള വൈരാഗ്യവും ഇതിന് കാരണമായി.
അഹമ്മദ് അഫാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കഴിഞ്ഞാണ് കെ.എസ്.യു. പ്രവർത്തകരായ അബ്ദുൾ മാലിക്കിനെയും ഡാനിഷിനെയും അടിച്ചത്. പട്ടികക്കഷ്ണം കൊണ്ടും കല്ലുകൊണ്ടും ഇരുമ്പുവടികൊണ്ടുമായിരുന്നു ആക്രമണം. ഇരുവരുടെയും കൈകൾക്കാണ് സാരമായി പരിക്കേറ്റത്. അബ്ദുൾ മാലിക്കിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്.
കെ.എസ്.യു. പ്രവർത്തകരിൽനിന്നു മർദനമേറ്റ ഒന്നാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ അഭിജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കെ.എസ്.യു.വിന്റെയും എസ്.എഫ്.ഐ.യുടെയും പരാതിയിൽ കേസെടുത്തിട്ടുണ്ട്.



