മലപ്പുറം: കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ കൈചെയിൻ ജനലിലൂടെ കവർന്നു. ചൊവ്വാഴ്ച പുലർച്ചെ മുച്ചിക്കൽ അബ്ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ ജനൽപാളി തുറന്നാണ് മോഷ്ടാക്കൾ സ്വർണം കവർന്നത്.

സംഭവത്തെത്തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനകൾ പൂർത്തിയാക്കി. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ രണ്ട് വർഷമായി കാളികാവ് പരിസരത്ത് സമാനമായ മോഷണങ്ങൾ തുടർക്കഥയാവുകയാണ്. സ്വർണം, പണം, റബ്ബർ, അടക്ക തുടങ്ങിയവ പലതവണ മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും അഞ്ചച്ചവിടി മുച്ചിക്കലിൽ മോഷണം നടന്നിരുന്നു.

2024 മേയ് 24-ന് അമ്പലക്കടവ് പറച്ചിക്കോടൻ മുസ്തഫയുടെ വീട്ടിൽനിന്ന് 45 പവൻ സ്വർണം കവർന്നിരുന്നു. കൂടാതെ, 2025 ഒക്ടോബറിൽ കാളികാവ് അമ്പലക്കുന്നിലെ വള്ളിപ്പാടൻ ഷാജഹാന്റെ വീട്ടിൽനിന്ന് മൂന്നര പവൻ സ്വർണവും 75,000 രൂപയും മോഷണം പോയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ മോഷണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.