മലപ്പുറം: വെട്ടിച്ചിറ കരിങ്കപ്പാറയിൽ എസ്ഐആർ (SIR) പരിശോധനയുടെ പേരിൽ വീട്ടിലെത്തിയ കവർച്ചക്കാരൻ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സാരിയുടുത്ത് സ്ത്രീ വേഷത്തിലെത്തിയ അക്രമി കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസയെയാണ് മർദ്ദിച്ച് സ്വർണ്ണമാലയും വളകളും കവർന്നത്.

സംഭവദിവസം ഹംസ ഹാജിയുടെ വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പോയ സമയത്ത് നഫീസ തനിച്ചായിരുന്ന വീട്ടിലേക്കാണ് അക്രമി എത്തിയത്. എസ്ഐആർ പരിശോധനയ്ക്കാണെന്ന് പറഞ്ഞ് വീട്ടമ്മയെ സമീപിച്ച ഇയാൾ ആധാർ കാർഡ് ആവശ്യപ്പെട്ടു. ആധാർ എടുക്കാൻ നഫീസ വീടിനകത്തേക്ക് പോയ തക്കം നോക്കി അക്രമി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് നഫീസയെ മർദ്ദിച്ച് കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും കൈയിലുണ്ടായിരുന്ന സ്വർണ്ണവളകളും കവർന്ന ശേഷം അതിവേഗം കടന്നുകളഞ്ഞു. ആക്രമണത്തിൽ നഫീസയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.

വീട്ടുകാരുടെ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, വ്യാപകമായ സിസിടിവി കവറേജ് ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭ്യമല്ല.