കാസർഗോഡ്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കി രണ്ടുവയസും നാലുമാസവും മാത്രം പ്രായമുള്ള കൊച്ചു മിടുക്കൻ. ചെറുകുന്നേൽ സ്വദേശിയായ ഡേവിഡ് ജോർജ് റിന്റോയാണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പേരുകൾ പെട്ടെന്ന് മനപ്പാഠമാക്കാനുള്ള ഡേവിഡിന്റെ കഴിവ് തിരിച്ചറിയുന്നത് അമ്മയാണ്. ജോലി തിരക്കിനിടയിലും മകന്റെ കഴിവിന് പ്രോത്സാഹനം നൽകിയതോടെയാണ് ഡേവിഡിനെ തേടി അംഗീകാരമെത്തിയത്.

12 നിറങ്ങൾ, 12 രൂപങ്ങൾ, എട്ടു വാഹനങ്ങൾ, 21 മൃഗങ്ങൾ, 23 പഴങ്ങൾ, ശരീരത്തിന്റെ എട്ടു ഭാഗങ്ങൾ, 24 പക്ഷികൾ, 24 ഇനം പച്ചക്കറി എന്നിവയുടെ പേര് കാണാതെ പറഞ്ഞും ഇംഗ്ലീഷ് അക്ഷരമാല കാണാതെ പഠിച്ചും ഒന്നു മുതൽ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും കാണാതെ പറഞ്ഞുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മൈക്കയത്തെ ചെറുകുന്നേൽ റിൻ്റോയുടെയും ജീനയുടെയും മകനാണ് ഡേവിഡ്. വാക്കുകൾ മനഃപാഠമാക്കാനുള്ള ഡേവിഡിന്റെ കഴിവ് ആദ്യമായി ശ്രദ്ധിക്കുന്നത് 'അമ്മ ജീനയാണ്. എറണാകുളം ആസ്റ്റർ ആശുപത്രിയിലെ നഴ്‌സാണ് ജീന. ജോലി തിരക്കിനിടയിലും മകന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ ജീനയ്ക്കായി. അമ്മയുടെ സഹായത്തോടെയായിരുന്നു ഡേവിഡ് പേരുകൾ പഠിച്ചതും.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അപേക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ കുട്ടിയുടെ കഴിവിന് അധികൃതര്‍ അംഗീകാരം നല്‍കി. പിതാവ് റിന്റോ ജോർജ് പെയിന്റിംഗ് തൊഴിലാളിയാണ്. മകന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേട്ടത്തെക്കുറിച്ചറിഞ്ഞ് നിരവധി പേർ അഭിനന്ദനം അറിയിക്കാൻ വിളിക്കുന്നുണ്ടെന്നാണ് പിതാവ് പറയുന്നത്.