- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ രോഗം മൂർച്ഛിച്ച് ആശുപത്രി കിടക്കയിലായി; പിന്നാലെ സങ്കടപ്പെടുത്തുന്ന വാർത്ത; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു; കണ്ണീരോടെ ഉറ്റവർ

റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബൈജു പുളിക്കൽ (41) മരിച്ചു. ശനിയാഴ്ച വൈകുന്നേരം നാലോടെ ജിസാന് സമീപം ബെയിഷ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 15 വർഷത്തോളം ജിസാനിലെ ഫോർ സീസൺ മെയിൻറനൻസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകനാണ് ബൈജു. കഴിഞ്ഞയാഴ്ച കരൾ രോഗം കഠിനമായതിനെത്തുടർന്ന് ജിസാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ബെയിഷ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ബൈജു നാട്ടിൽ പോയിരുന്നില്ല. ഈ കാലയളവിൽ ഭാര്യ രഞ്ജികയും മകൻ അനഞ്ജയും (നാലാം ക്ലാസ് വിദ്യാർഥി) സന്ദർശക വിസയിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം ബെയിഷിൽ താമസിച്ചിരുന്നു. ബൈജുവിന്റെ ജ്യേഷ്ഠൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, ഭാര്യാ സഹോദരൻ രഞ്ജിത്ത് എന്നിവരും ബെയിഷിൽ ജോലി ചെയ്യുന്നുണ്ട്.
ബൈജു പുളിക്കലിന്റെ മൃതദേഹം നിലവിൽ ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ജിസാൻ പ്രവാസി കൂട്ടായ്മ (ജല) ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മാഹിൻ കൊല്ലം എന്നിവരുടെ സഹായത്തോടെ ബന്ധുക്കളാണ് ഈ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ബൈജുവിന്റെ നിര്യാണത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.


