തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ച എഎസ്ഐയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എഎസ്ഐയുടെ ഭർത്താവ് മുത്തൂർ പ്ലാമൂട്ടിൽ വീട്ടിൽ നസീർ റാവുത്തർ (53 ) ആണ് അറസ്റ്റിലായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അഖിലിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മുത്തൂർ ജങ്ഷനിലായിരുന്നു സംഭവം. സ്‌കൂട്ടറിൽ എത്തിയ നസീർ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നസീറിനെ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.

പിടിയിലായ നസീർ തിരുവല്ല ചെങ്ങന്നൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.