തൃശൂർ: മുൻവൈരാഗ്യത്തെ തുടർന്ന് യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങിയ ശേഷം വീണ്ടും യുവതിയേയും അമ്മയേയും അപമാനിച്ചതിന് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ജിത്ത് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് ഈ അതിക്രമം നടന്നത്.

2025 ഫെബ്രുവരിയിലാണ് ജിത്ത് ഈ യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. യുവതി വഴക്കുപറഞ്ഞതിലുള്ള വിരോധത്തിൽ, വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു. ഈ കേസിൽ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വീണ്ടും യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയത്. അവിടെവെച്ച് യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് ജിത്ത്. വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമ കേസ്, ഒരു അടിപിടി കേസ്, വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ, കാപ്പ നിയമപ്രകാരം സഞ്ചാര നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്.

തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്ത ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ സി.എൻ, എ.എസ്.ഐ സൈഫുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.