പാലക്കാട്: കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയില്‍ തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് അപകടമുണ്ടായത്.

മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി തളര്‍ന്നു വീണ സുരേഷിനെ ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പുരയില്‍ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പര്‍ ലോറി ഡ്രൈവറാണ്.