തിരുവനന്തപുരം: സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ജീവനക്കാരനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. കൊട്ടാരക്കര ഡിവിഷനില്‍ എന്‍ജിനീയര്‍ ഓഫീസിലെ അസിസ്റ്റന്റ് ചാര്‍ജ്മാന്‍ എസ്.ശ്യാമിനെതിരേയാണ് നടപടി. കഴിഞ്ഞദിവസം ചേര്‍ന്ന ഭരണസമിതി യോഗമാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.

ശ്യാമിനെതിരേ നിരവധി പരാതികള്‍ മാനേജ്മെന്റിനു ലഭിച്ചിരുന്നു. തുടര്‍ന്നുനടന്ന വകുപ്പുതല അന്വേഷണത്തിലാണ് സാമ്പത്തിക തിരിമറി വെളിപ്പെട്ടത്. തിരുവനന്തപുരം അഗ്രോ സൂപ്പര്‍ ബസാറില്‍ നഴ്സറി വിഭാഗത്തിന്റെ ചുമതലയിലുള്ളപ്പോഴാണ് ക്രമക്കേട് നടന്നത്. ഒന്‍പതുലക്ഷം രൂപയുടെ ക്രമക്കേട് വിവിധ വിഭാഗങ്ങളിലുണ്ടെന്നാണ് ആരോപണം. ആഭ്യന്തര അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. 2015 മുതല്‍ സ്ഥാപനത്തില്‍ ഓഡിറ്റിങ് നടത്തിയിരുന്നില്ല. വി.കുഞ്ഞാലി ചെയര്‍മാനായി പുതിയ ഭരണസമിതി ചുമതലയേറ്റതിനുശേഷമാണ് ഓഡിറ്റിങ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് ക്രമക്കേടും പിടിക്കപ്പെട്ടത്.