കാസർഗോഡ് : തൃക്കരിപ്പൂരിൽ ഗൃഹനാഥൻ വീടിനുള്ളിൽ രക്തംവാർന്ന് മരിച്ചനിലയിൽ. പരുത്തിച്ചാൽ സ്വദേശി നന്ദനം വീട്ടിൽ എൻ.ബി ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് .

കുടുംബപ്രശ്നത്തെ തുടർന്ന് ബാലകൃഷ്ണൻ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മകളുടെ ഭർത്താവ് വീട്ടിലെത്തി മർദ്ദിച്ചുവെന്ന് ബാലകൃഷ്ണൻ സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു. ഇന്ന് രാവിലെ ബാലകൃഷ്ണനെ കാണാതെ വന്നതോടെ സുഹൃത്തുക്കളെത്തി വീട് പരിശോധിക്കുമ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മകളുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്തുനിന്ന് മരുമകന്റെ ആധാർ കാർഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. പൊലീസ് തിരച്ചിൽ ഊർജിതമാക്കി.