തൃശൂര്‍: തൃശൂരില്‍ സഹപ്രവര്‍ത്തകനെ തള്ളിയിട്ട് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ(39) പോലീസ് അറസ്റ്റ് ചെയ്തു. തൃത്തല്ലൂര്‍ മൊളുബസാറിലെ പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്റെ മകന്‍ അനില്‍കുമാര്‍(40) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. സ്ഥാപനത്തിന് പിറകിലുള്ള വാടകവീടിന്റെ മുകളില്‍ നിലയില്‍ ഇരുവരും താമസിച്ചിരുന്നതായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം സഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

ഷാജു അനില്‍കുമാറിനെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിട്ടതായാണ് വിവരം. തുടര്‍ന്ന് താഴേക്ക് ചാടിയ ഷാജു ചാക്കോ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് അനില്‍കുമാറിന്റെ തലക്കും നെഞ്ചിലും അടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ഇയാള്‍ സ്ഥാപന ഉടമയെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോലീസ് സംഭവസ്ഥലത്തെ പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാജു ചാക്കോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.