പാലക്കാട്: ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് അറസ്റ്റിലായത്. ഭാര്യ മേരി(52)ക്ക് വെടിയേറ്റ് കാൽമുട്ടിന് പരിക്ക് പറ്റി. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.

കുടുംബവഴക്കിനെ തുടർന്ന് മേരിക്ക് നേരെ മദ്യലഹരിയിലായിരുന്ന ശിവൻ തൻ്റെ എയർ ഗൺ എടുത്ത് വെടിയുതിർത്തെന്നാണ് പോലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിക്കേറ്റ മേരിയെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ മംഗലം ഡാം പൊലീസ് ശിവനെതിരെ കേസ് എടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് വൈദ്യപരിശോധനയടക്കം നടപടികൾ പൂർത്തീകരിച്ച് ആലത്തൂർ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.