തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയയാൾ വീട്ടമ്മയെ ഉപദ്രവിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം നടന്നത്. ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർഥിക്കാൻ എത്തിയ രാജു എന്ന വ്യക്തിക്കെതിരെയാണ് വീട്ടമ്മ മംഗലപുരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

സ്ഥാനാർത്ഥിയും മറ്റുള്ളവരും വോട്ട് ചോദിച്ച് മടങ്ങിയ ശേഷം, രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത്, വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയെ ഇയാൾ പിന്നാലെ ചെന്ന് കയറിപ്പിടിച്ചെന്നാണ് പരാതി.

വീട്ടമ്മ അലറിവിളിച്ചതിനെത്തുടർന്ന് രാജു ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയതായും വിവരമുണ്ട്. രാജു പാർട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും വെറും അനുഭാവി മാത്രമാണെന്നുമാണ് പറയപ്പെടുന്നത്.