കണ്ണൂർ:മണിപ്പൂരിൽ ആഭ്യന്തരകലാപം തുടരുന്ന സാഹചര്യത്തിൽ പഠനം താറുമാറായിപ്പോയ വിദ്യാർത്ഥികളുടെ ആദ്യബാച്ച് ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയിലെത്തി. ചൊവ്വാഴ്‌ച്ച രാവിലെ താവക്കര ക്യാംപസിലെത്തിയ വിദ്യാർത്ഥികൾക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.സർവകലാശാല അധികൃതരും യൂനിയൻ പ്രതിനിധികളും പൂച്ചെണ്ടും ഉപഹാരങ്ങളും നൽകി വിദ്യാർത്ഥികളെ സ്വീകരിച്ചു.

ആഭ്യന്തര കലാപം അതിരൂക്ഷമായ മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘം കണ്ണൂരിലെത്തിയത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല യൂനിയനും സിൻഡിക്കേറ്റ് അംഗങ്ങളും സ്വീകരണം നൽകി. ക്യാമ്പസിലെത്തിയ വിദ്യാർത്ഥികൾക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലും സ്വീകരണം നൽകി.

മണിപ്പുർ വിദ്യാർത്ഥികൾക്കായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ആഗസ്തിൽ ചേർന്ന അടിയന്തിര സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമായത്. തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പുർ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നത്. സർവകലാശാലയിലെത്തുന്ന വിദ്യാർത്ഥികൾക്ക് താമസസൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും കണ്ണൂർ സർവകലാശാലവി സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.

മണിപ്പൂരിൽ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിൽ ഇനിയും കൂടുതൽ വിദ്യാർത്ഥികളെ തുടർവിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് എത്തുമെന്നാണ് സംസ്ഥാനസർക്കാരും സർവകലാശാലകളും പ്രതീക്ഷിക്കപ്പെടുന്നത്. ഡിഗ്രി, പി.ജി വിദ്യാർത്ഥികളാണ് കണ്ണൂർ സർവകലാശാലയിലെത്തിയത്.സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ്വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനം നൽകിയത്. സ്വീകരണസമ്മേളനത്തിൽ ഇടതുവിദ്യാർത്ഥി സംഘടനകളും സ്വീകരണത്തിൽ പങ്കെടുത്തു.

ചൊവ്വാഴ്‌ച്ച രാവിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികളെ സർവകലാശാല അധികൃതർ സ്വീകരിച്ചു കണ്ണൂർ സർവകലാശാല താവക്കര ക്യാംപസിലേക്ക് വാഹനത്തിൽആനയിച്ചു കൊണ്ടുവന്നു. മണിപ്പൂർ വിദ്യാർത്ഥികളുടെ പഠനത്തിനായി പ്രത്യേക സീറ്റുകൾ സർവകലാശാല ഒഴിച്ചിട്ടുണ്ട്. തുടർപഠനം മുടങ്ങിപ്പോയ വിദ്യാർത്ഥികളെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്.