വാണിയംകുളം: മനിശ്ശീരിയിൽ സി.പി.എം. പ്രാദേശികനേതാവും നാടകപ്രവർത്തകനും വായനശാലാ സെക്രട്ടറിയുമായ ആച്ചത്തുപടി ജിനേഷിനെ (40) ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിൽ റോഡരികിൽ കണ്ടെത്തി. വ്യാഴാഴ്ച അർധരാത്രി പാലക്കാട്-കുളപ്പുള്ളി പാതയിൽ മനിശ്ശീരിയിലെ വായനശാലയ്ക്ക് മുന്നിൽ വെച്ചാണ് സംഭവം. വാഹനാപകടമെന്ന് ആദ്യം കരുതിയെങ്കിലും, പ്രാഥമിക പരിശോധനയിൽ മർദനമേറ്റതാണെന്ന് സംശയം ബലപ്പെട്ടതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇരുചക്രവാഹനത്തിലിരുന്ന് കൈയുയർത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്ന ജിനേഷിനെ അതുവഴി വന്ന യാത്രക്കാരാണ് കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനേഷിന്റെ മുഖത്തും തലയ്ക്കും വയറിനും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ, പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ, വായനശാലയ്ക്ക് മുന്നിൽ രക്തം തളംകെട്ടിനിൽക്കുന്നതും പല്ലുകൾ ചിതറിക്കിടക്കുന്നതും കണ്ടെത്തി. വായനശാലയ്ക്കുള്ളിൽ നിന്ന് രക്തക്കറയും കല്ലുകളും ലഭിച്ചു. രക്തം തളംകെട്ടിയ സ്ഥലത്ത് മുളകുപൊടി വിതറിയ നിലയിലായിരുന്നതും സംഭവം വാഹനാപകടമല്ലെന്നും മർദനമാണെന്നുമുള്ള സംശയത്തിന് ബലം നൽകുന്നു. ജിനേഷിന്റെ ഫോണുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടതായും പോലീസ് വ്യക്തമാക്കി.

ഷൊർണൂർ ഡിവൈ.എസ്‌.പി. സാജു എബ്രഹാമിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം ഇൻസ്പെക്ടർ അജീഷിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും ഉൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. പരിക്കേൽക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അക്രമികളെക്കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിവൈ.എസ്‌.പി. സാജു എബ്രഹാം അറിയിച്ചു. സി.പി.എം. പ്രാദേശികനേതാവിനെതിരെ നടന്ന ഈ ആക്രമണത്തിന്റെ ചുരുളഴിക്കാൻ പോലീസ് തീവ്രശ്രമത്തിലാണ്.