കാസർകോട്: ഉപ്പളയിൽ പട്രോളിങ് നടത്തുകയായിരുന്നു പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസർകോട് ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. മഞ്ചേശ്വരം എസ് ഐ പി അനൂപിനെയാണ് അഞ്ചംഗ സംഘം മർദ്ദിച്ചത്. എസ് ഐക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സ തേടി. ഇന്ന് പുലർച്ചെ പ്രദേശത്ത് പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം.

ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് പൊലീസ് നിർത്തിയത്. പിരിഞ്ഞുപോകാനുള്ള പൊലീസ് നിർദ്ദേശം സംഘം നിരസിക്കുകയും വാക്കുതർക്കത്തെ തുടർന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. നേരത്തെ ഈ സംഘത്തിന്റെ തട്ടുകട എസ്‌ഐ അനൂപ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.