പത്തനംതിട്ട: മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ 92ാമത് ദുഃഖ്റോനോ പെരുന്നാൾഫെബ്രുവരി നാലു മുതൽ 10 വരെ നടക്കുമെന്ന് ദയറാധിപനും പെരുന്നാൾ കമ്മിറ്റിയുടെ ചെയർമാനുമായ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ്  വൈസ് ചെയർമാൻ റവ. ഏബ്രഹാം കോറെപ്പിസ്‌കോപ്പ തേക്കാട്ടിൽ, ജനറൽ കൺവീനർ കമാണ്ടർ ടി.യു.കുരുവിള, കൺവീനർ ജേക്കബ്ബ് തോമസ് കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്, പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം, എന്നിവർ അറിയിച്ചു.

പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്കാ ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പൊലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്തായും യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും.

നാലിന് ദയറാധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ് കൊല്ലം ഭദ്രാസനത്തിന്റെ മോർ തേവോദോസ്യോസ് മാത്യുസ്, മോർ കൂറിലോസ് ഗീവർഗ്ഗീസ് എന്നീ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 5.30ന് വിശുദ്ധ മോറാന്റെ കബറിടത്തിൽ നിന്നും ഭക്തി നിർഭരമായി കൊണ്ടുപോകുന്ന പതാക ആറിന് ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത ഉയർത്തും.

അഞ്ചു മുതൽ എല്ലാ ദിവസവും പുലർച്ചെ അഞ്ചിന് പ്രഭാത നമസ്‌ക്കാരവും രാവിലെ 7.30 ന് വിശുദ്ധ കുർബാനയും 12.30 ന് ഉച്ച നമസ്‌ക്കാരവും അഞ്ചിന് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും. അഞ്ചിന് വൈകിട്ട് 6.30ന് ഗാന ശുശ്രുഷ, രാത്രി ഏഴിന് കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത മോർ തേവോദോസിയോസ് മാത്യൂസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ആറിന് രാവിലെ 9.30 ന് തുമ്പമൺ ഭദ്രാസന വനിതാസമാജം ധ്യാനയോഗം മോർ മിലിത്തിയോസ് യൂഹാനോൻ മെത്രപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. സാംസൺ മേലോത്ത് ധ്യാനപ്രസംഗം നടത്തും. വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും രാത്രി ഏഴിന് ഫാ. ബേസിൽ മഴുവന്നൂരിന്റെ പ്രസംഗവും നടക്കും.

ഏഴിന് വൈകിട്ട് ആറിന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എ. ഷിബു നിർവഹിക്കും. 92 നിർധനർക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. രാത്രി ഏഴിന് ഗാന ശുശ്രുഷ. 7.30 ന് ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ പ്രസംഗിക്കം.

ഒമ്പതിന് രാവിലെ 7.30 ന് തുമ്പമൺ ഭദ്രാസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ, കോഴിക്കോട് ഭദ്രാസനത്തിന്റെ മോർ ഐറേനിയസ് പൗലൂസ്, മൂവാറ്റുപുഴ മേഖലയുടെ മോർ അന്തീമോസ് മാത്യൂസ് എന്നീ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. വൈകിട്ട് മൂന്നു മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരെയും കാൽനട തീർത്ഥയാത്ര സംഘങ്ങളെയും ഓമല്ലൂർ കുരിശിങ്കൽ വച്ച് മെത്രാപ്പൊലീത്താമാരും മോർ സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവക അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേൽക്കും.

വൈകിട്ട് അഞ്ചിന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ നേതൃത്വത്തിൽ സന്ധ്യാ പ്രാർത്ഥന.ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പൊലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

അഖില മലങ്കര അടിസ്ഥാനത്തിൽ സണ്ടേസ്‌കൂളിൽ എറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് ത്രിതീയൻ ഗോൾഡ് മെഡൽ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയും യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പൊലീത്തായും, തീർത്ഥാടക സംഘത്തിൽ നിന്നുള്ള അവാർഡുകൾ മോർ ദീയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പൊലീത്തയും തുമ്പമൺ ഭദ്രാസനത്തിൽ നിന്നുള്ള അവാർഡുകൾ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പൊലീത്തയും വിതരണം ചെയ്യും.

ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, ആന്റോ ആന്റണി എംപി., ജില്ലാ കലക്ടർ എ. ഷിബു, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ്, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ എന്നിവർ പ്രസംഗിക്കും. സമ്മേളനാനന്തരം തീർത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തിൽ മോറാന്റെ കബറിങ്കൽ അഖണ്ഡ പ്രാർത്ഥന നടത്തും.

10 ന് പുലർച്ചെ മൂന്നിന് മോർ സ്തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ5.15 ന് പ്രഭാത പ്രാർത്ഥനയും നടക്കും. 5.45 ന് മോർ തീമോത്തിയോസ് തോമസ് (സുന്നഹദോസ് സെക്രട്ടറി) മോർ ഒസ്താത്തിയോസ് ഐസക് (മൈലാപ്പൂർ ഭദ്രാസനം) മോർ യൂലിയോസ് ഏലിയാസ് (കോതമംഗലം മേഖല) എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. രാവിലെ 8.30 ന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും പരിശുദ്ധനായ മോർ ഏലിയാസ് ത്രിതീയൻ ബാവായുടെ കബറിങ്കലും മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പൊലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും ഉണ്ടായിരിക്കും. തുടർന്ന് 10.30 ന് സമാപന റാസയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും കെ.എസ്.ആർ.ടി. സി പ്രത്യേക ബസ് സർവീസ് നടത്തും. ദയറായ്ക്ക് സമീപമുള്ള ്രൈപമറി് ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ആംബുലൻസ് സർവ്വീസും ലഭ്യമായിരിക്കും. ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണങ്ങൾ കേരള വാട്ടർ അഥോറിറ്റി ചെയ്യുന്നതാണ്. ദയറായും ചുറ്റുമുള്ള സ്ഥലങ്ങളും യാചക നിരോധന മേഖലയും പ്ലാസ്റ്റിക് രഹിത മേഖലയും ആയിരിക്കും.