തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. സമ്മാനത്തിന് അർഹമായ ടിക്കറ്റ് പാലക്കാടാണ് വിറ്റതെന്നാണ് സൂചന.

250 രൂപയായിരുന്നു ടിക്കറ്റ് വില. അഞ്ച് പേർക്ക് പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 25 പേർക്ക് ലഭിക്കും. കഴിഞ്ഞ തവണയും പത്ത് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എറണാകുളത്ത് വിറ്റ ടിക്കറ്റിനായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം ലഭിച്ചത്.

ഇത്തവണ 27 ലക്ഷം മൺസൂൺ ബംപർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. അച്ചടിച്ച മുഴുവൻ ടിക്കറ്റും വിറ്റ് പോയിരുന്നു. മൺസൂൺ ബംപറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മുഴുവൻ ടിക്കറ്റും വിറ്റ് പോകുന്ന സാഹചര്യമുണ്ടാകുന്നത്.