കല്‍പറ്റ: വയനാട് കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍, സോമന്‍, മനോജ് എന്നിവരാണ് പ്രതികള്‍. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2023 സെപ്റ്റംബര്‍ 28 നായിരുന്നു കെഎഫ്ഡിസി ഓഫീസില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. പിന്നീട് ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതായിരുന്നു പോസ്റ്ററുകള്‍.