ബേപ്പൂർ: കുടുംബതർക്കത്തെത്തുടർന്നു യുവാവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ബേപ്പൂർ ബി.സി റോഡ് മാവിൻചുവട്ടിൽ വാടകയ്ക്കു താമസിക്കുന്ന മാറാട് സ്വദേശി ഷർനാദ് ബാബുവാണ് ഭാര്യ ഫർസാനയെ ക്രൂരമായി ആക്രമിച്ചത്. പ്രതിയെ ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

കത്തി ഉപയോഗിച്ചാണ് ഷർനാദ് ഫർസാനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഫര്‍സാനയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ നില വഷളായിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫർസാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ബേപ്പൂർ പോലീസ് ഷർനാദ് ബാബുവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.