കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ ഏർപ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ. പ്രവേശിക്കുന്നതിന് സമയപരിധി ഉണ്ടാകില്ലെന്നും ഏതുസമയത്തും ആളുകൾക്ക് അവിടെ പ്രവേശിക്കാമെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന് അവലോകനയോഗത്തിലാണ് തീരുമാനം.

മറൈൻ ഡ്രൈവിൽ രാത്രി പ്രവേശനനിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജിസിഡിഎ വ്യക്തമാക്കി. ഇനിയും അതുതന്നെ തുടരും. രാത്രികാലങ്ങളിൽ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല. അതുസൂചിപ്പിക്കുന്ന ബോർഡ് അവിടെ സ്ഥാപിക്കും. ആ ബോർഡിൽ പറയുന്ന അനുവദനീയമല്ലാത്ത നിയമവിരുദ്ധമായ കാര്യങ്ങൾ അവിടെ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തും.

മറൈൻ ഡ്രൈവിലെ ജിസിഡിഎ കോംപ്ലക്സിൽ ചേർന്ന യോഗത്തിൽ മേയർ എം അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി കെ അഷ്റഫ്, കൗൺസിലർമാരായ മിനി ദിലീപ്, മനു ജേക്കബ്, ജിസിഡിഎ സെക്രട്ടറി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ജയകുമാർ, ശുചിത്വമിഷൻ, നഗരസഭയുടെ ഉദ്യോഗസ്ഥർ, എറണാകുളം മർച്ചന്റ്സ് ചേംബർ, മറ്റ് വ്യാപാരി പ്രതിനിധികൾ, ജിസിഡിഎ ഷോപ്പ് ഓണേഴ്സ് ഭാരവാഹികൾ, ബോട്ട് ഓണേഴ്സ് ഭാരവാഹികൾ ഫ്ലാറ്റ് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.