കാസർകോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗർ ഇല്യാസ് നഗറിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് ജീവനൊടുക്കിയത്. വെട്ടേറ്റ ഭാര്യ മറിയം (55) ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നിലവിളിയും ബഹളവും കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ഇബ്രാഹിം വീട്ടിൽനിന്ന് ഇറങ്ങിയോടി. ചോരയിൽ കുളിച്ചു കിടന്ന നിലയിൽ കണ്ടെത്തിയ മറിയത്തെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിനു പിന്നാലെ കാണാതായ ഇബ്രാഹിമിനെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കുകളാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.