- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്ന് 26 കിലോ കഞ്ചാവ് കടത്തിയ കേസ്: വിസ്താരം പൂർത്തിയായി; വിധി പ്രസ്താവം ഒക്ടോബർ ആറിന്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപനക്കാർക്ക് നൽകാനായി ആന്ധ്രയിൽ നിന്ന് 26 കിലോ കഞ്ചാവ് കടത്തിയ കേസിലെ വിധിന്യായം തലസ്ഥാന വിചാരണ കോടതി ഒക്ടോബർ 6 ന് പ്രസ്താവിക്കും. വിചാരണക്കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. രാജേഷാണ് വിധി പ്രസ്താവിക്കുന്നത്. ഒന്നും രണ്ടും പ്രതികളായ നെയ്യാറ്റിൻകര പെരുമ്പഴുതൂർ തിനവിള പുത്തൻ വീട്ടിൽ ജോക്കർ എന്ന് വിളിക്കുന്ന അനൂപ് (29), പാറശ്ശാല മുറിയത്തോട്ടം തരശിൽ വീട്ടിൽ ആംബുലൻസ് ഡ്രൈവറായ അനീഷ് (27) എന്നിവരെയാണ് കോടതി വിചാരണ ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗത്തേക്ക് 11 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകളും 33 രേഖകളും തെളിവിൽ സ്വീകരിച്ചു. നിരപരാധിത്വം തെളിയിക്കാൻ പ്രതി ഭാഗത്തേക്ക് 3 സാക്ഷികളെ വിസ്തരിക്കുകയും പ്രോസിക്യൂഷൻ സാക്ഷി മൊഴികളിലെ ആദ്യ പൊലീസ് മൊഴിയിലെ ഒഴിവാക്കലും വിട്ടു പോകലും കൂട്ടിച്ചേർക്കലും വൈരുദ്ധ്യവുമുള്ള മൊഴികളുമടക്കം 14 രേഖകൾ പ്രതിഭാഗം തെളിവിലേക്കായി കോടതി സ്വീകരിച്ചിട്ടുണ്ട്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റസ്റ്റൻസ് നിയമത്തിലെ 22 (ബി) (2) (സി) (10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായ വിൽപ്പനക്കായുള്ള വാണിജ്യ അളവിൽ മയക്കുമരുന്ന് കടത്തൽ) , 29 ( മയക്കുമരുന്ന് ബിസിനസിന് പണം മുടക്കലും സാമ്പത്തിക സഹായം ചെയ്യലും ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ കോടതി വിചാരണ ചെയ്തത്.
2021 മാർച്ച് 30 നാണ് കാറിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് പിടികൂടിയത്. ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീമിന്റെ സഹായത്തോടെ നേമം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന ഈ സംഘത്തിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ യാത്രാവിവരങ്ങൾ മനസിലാക്കി നേമം പൊലീസുമായി ചേർന്ന് പള്ളിച്ചൽ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞാണ് 26 കിലോ കഞ്ചാവുമായി പിടികൂടിയത്.
കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളിൽ ഒരാളായ അനീഷ് ആംബുലൻസ് ഡ്രൈവറാണ്. ആംബുലൻസിലും സംഘം ഇത്തരത്തിൽ കഞ്ചാവ് കടത്ത് നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേമം എസ്എച്ച്ഒ മുബാരക്, എസ്ഐമാരായ അനീഷ് എബ്രഹാം, രവി, എഎസ്ഐ ജ്യോതിഷ് കുമാർ, സിപിഒമാരായ രേവതി, സാജൻ, എസ്ഐ ഗോപകുമാർ, സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.




