- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ ദയനീയ കാഴ്ച; കുമ്പളങ്ങി പഞ്ചായത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങി; പരിഭ്രാന്തിയിൽ നാട്ടുകാർ; സാമ്പിളുകൾ ശേഖരിച്ച് ഫിഷറീസ്

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ 200 ഏക്കറോളം വരുന്ന മത്സ്യക്കെട്ടുകളിൽ തിങ്കളാഴ്ച പുലർച്ചയോടെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കരിമീൻ, കാര, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് പാടശേഖരങ്ങളിൽ ചത്തടിഞ്ഞത്. അടുത്ത മാസം വിളവെടുപ്പിന് തയ്യാറെടുത്തിരുന്ന കർഷകർക്ക് ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ഒരാഴ്ചയ്ക്കിടെ കുമ്പളങ്ങിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വ്യാപക മത്സ്യക്കുരുതിയാണിത്. കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്ത് പാട്ടത്തിന് നൽകിയിരുന്ന കല്ലഞ്ചേരി കെട്ടിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. തുടർച്ചയായ ഈ പ്രതിഭാസം പ്രദേശത്തെ മത്സ്യകർഷകരിലും നാട്ടുകാരിലും കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്തുന്നതിനായി ഫിഷറീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വെള്ളത്തിന്റെയും ചത്ത മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. കുമ്പളങ്ങിയിലെ മത്സ്യസമ്പത്തിനും കർഷകരുടെ ഉപജീവനമാർഗത്തിനും ഭീഷണിയാകുന്ന ഈ ദുരന്തങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണ്.


