കോഴിക്കോട്: വേളം പഞ്ചായത്തിലെ പെരുവയലില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിൽ തീപിടുത്തം. ഇന്ന് പുലച്ചെയുണ്ടായ തീപിടുത്തത്തിൽ വന്‍ നാശനഷ്ടമുണ്ടായതായാണ് വിവരം. പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത്. 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പേരാമ്പ്ര മരുതേരി സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമാണ് അഗ്നിക്കിരയായത്.

സമീപം താമസിക്കുന്നയാളാണ് സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരൻ അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.