ആലുവ: ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ സിത്താര ട്രേഡേഴ്സ് എന്ന ആക്രിക്കടയിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വൈകുന്നേരം 5.10 ഓടെയാണ് സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും പടർന്ന തീ ആക്രിക്കടയിലേക്ക് അതിവേഗം ആളിപ്പടരുകയായിരുന്നു. ശക്തമായ കാറ്റ് വീശിയതാണ് തീ കൂടുതൽ വ്യാപിക്കാൻ കാരണമായത്. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് സിത്താര ട്രേഡേഴ്സ്.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനും കണ്ടെയ്നറും ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും കോപ്പർ കേബിളുകളുമായിരുന്നു ഇവിടെ കൂടുതലായി ശേഖരിച്ചിരുന്നത്. ഇവയെല്ലാം പൂർണ്ണമായി കത്തിനശിച്ചു. ആദ്യം നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും, കാറ്റ് അനുകൂലമായതോടെ തീ നിയന്ത്രണാതീതമായി. തുടർന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.