- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാത്യൂ കുഴൽനാടൻ ലഹരി മാഫിയക്ക് സംരക്ഷണമൊരുക്കുന്നെന്ന് പറയുന്നത് ഞങ്ങളാരുമല്ല; നിങ്ങൾക്കൊപ്പമുള്ള എം.എസ്.എഫ് തന്നെയാണ്; മയക്കുമരുന്ന് കേസിലെ പ്രതികളാകുന്നത് എസ്.എഫ്.ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന കുഴൽനാടന്റെ പരാമർശത്തിന് മറുപടിയുമായി എസ്.എഫ്.ഐ
എറണാകുളം:മാത്യൂ കുഴൽനാടൻ എംഎൽഎ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്ന് പറഞ്ഞത് തങ്ങളല്ല എം.എസ്.എഫാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ.മയക്കുമരുന്നു കേസുകളിൽ പ്രതികളാകുന്നതിൽ ഭൂരിഭാഗവും സിപിഐഎം വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകരാണെന്ന മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണത്തിന് മറുപടിയായാണ് ആർഷോയുടെ പ്രതികരണം.മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് കോൺഗ്രസ് എംഎൽഎക്കെതിരെ ഉന്നയിച്ച ആരോപണം ഓർമ്മിപ്പിച്ചുകൊണ്ടാണ് ആർഷോ രംഗത്തെത്തിയത്.ഇതിന്റെ ഫേസ്‌ബുക്ക് പോസ്റ്റും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പങ്കുവെച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിലെ ഇലാഹിയ കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച മയക്കുമരുന്നു സംഘത്തിന് സംരക്ഷണം നൽകിയത് മാത്യു കുഴൽനാടനാണെന്ന എംഎസ്എഫ് പരാമർശം ചൂണ്ടിക്കാണിച്ചാണ് ആർഷോയുടെ മറുപടി.മയക്കുമരുന്നു മാഫിയക്ക് കുഴൽനാടനാണ് ഒത്താശ ചെയ്യുന്നതെന്ന് പറഞ്ഞത് എസ്എഫ്ഐ അല്ല, എംഎസ്എഫ് ആണെന്നും ആർഷോ ഇതിലൂടെ ചൂണ്ടിക്കാണിച്ചു.ഇലാഹിയ കോളേജിലെ എംഎസ്എഫിന്റെ ഒക്ടോബർ 14ലെ ഫേസ്‌ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആർഷോ ഇക്കാര്യങ്ങൾ പറയുന്നത്.
പിഎം ആർഷോയുടെ വാക്കുകൾ ഇങ്ങനെ.'മൂവാറ്റുപുഴ എംഎൽഎ മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഞങ്ങളല്ല എം.എസ്.എഫ് ആണ്, മൂവാറ്റുപുഴ മണ്ഡലത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ഇലാഹിയ കോളേജിൽ ഒരു മാസം മുൻപ് മയക്കുമരുന്ന് മാഫിയ സംഘം ക്യാമ്പസ്സിൽ കയറി വിദ്യാർത്ഥികളെ ആക്രമിച്ചപ്പോൾ മാഫിയക്ക് സംരക്ഷണം കൊടുത്തത് ബഹുമാനപ്പെട്ട കുഴൽനാടൻ ആയിരുന്നത്രെ.പറയുന്നത് അവിടുത്തെ എം.എസ്.എഫ് ആണ്.ഇപ്പോഴും അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുഴൽനാടനയച്ച കത്ത് കിടപ്പുണ്ട്. ഇതുള്ളതാണോ ബഹു. മുവാറ്റുപുഴ അംഗമേ എന്നും മാത്യു കുഴൽനാടനെ ഓർമ്മിപ്പിച്ചുകൊണ്ട് പി.എം ആർഷോ പറഞ്ഞു.




