- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഭാഗത്ത് റവന്യൂവകുപ്പ് സ്ഥലം അളക്കലിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; അളവ് നടക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ
മൂന്നാർ; മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഭാഗത്ത് റവന്യൂവകുപ്പ് കോടതി ഉത്തരവ് പ്രകാരം ആരംഭിച്ചിട്ടള്ള സ്ഥലം അളക്കലിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.തണ്ടപ്പേർ 12 -ൽ ഉൾപ്പെട്ട സ്ഥലം അളന്നുതിരിച്ചുനൽണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അളക്കൽ ആരംഭിച്ചിട്ടുള്ളത്. തണ്ടപ്പേർ 56 -ൽ ഉൾപ്പെട്ട പ്രദേശത്താണ് റവനന്യൂവകുപ്പിന്റെ സർവ്വയർമാർ ഇപ്പോൾ അളവ് ആരംഭിച്ചിട്ടുള്ളത്. തണ്ടപ്പേർ 12-ൽ ഉൾപ്പെട്ട സ്ഥലം കിലോമീറ്ററുകൾ അകലെയാണെന്നാണ് ലിത്തോമാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ തണ്ടപ്പേർ 56 -ൽ ഉൾപ്പെട്ട പ്രദേശം അളന്നുതിരിക്കുന്നതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നും വൻ സാമ്പത്തീക-രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. ലിത്തോമാപ്പ് പ്രകാരമാണ് അളക്കുന്നതെന്നും തണ്ടപ്പേർ നമ്പർ 56-ൽ ഉൾപ്പെട്ട പ്രദേശവും അളക്കുന്നുണ്ടെന്നും 12-ൽ ഉൾപ്പെട്ട സ്ഥലം കയറിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇതെന്നുമാണ് ഇക്കാര്യത്തിൽ റവന്യുവകുപ്പ്് അധികൃതരുടെ വിശദീകരണം.
കൊരണ്ടിക്കാട് വിമലാലയം എന്ന പേരിൽ സ്‌കൂൾ നടത്തിവരുന്ന സിഎംഐ സഭയിലെ ഫാദർ റോണേഴ്സ് പീച്ചാട്ടാണ് ഭൂമി അളന്നുതിരച്ച് കിട്ടണമെന്ന ആവശ്യവുമായി ഹൈക്കോതിയെ സമീപിച്ചിരുന്നത്. ഈ ഹർജ്ജിയിൽ കഴിഞ്ഞ ഓഗസ്റ്റ് 17-ന് കോടതി അനുകൂല ഉത്തരവും നൽകിയിരുന്നു.ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അളക്കുന്നതെന്നാണ് റവന്യുവകുപ്പ അധികൃതരുടെ വിശദീകരണം.
കോടതി ഉത്തരവ് പ്രകാരമാണ് അളക്കുന്നതെന്ന് പറയുമ്പോഴും ഉത്തരവിൽ പരാമർശിക്കാത്ത കാര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും ഇതിന് ചുക്കാൻ പിടിക്കുന്നത് മേഖലയിലെ അറിയപ്പെടുന്ന റിയൽഎസ്റ്റേറ്റ് ഇടനിലക്കാരൻ ആണെന്നും ഭൂമി അളക്കുന്ന സമയത്തുപോലും ഇയാൾ ഉദ്യോഗസ്ഥർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി മുൻപന്തിയുലുണ്ടായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.
കോടതി ഉത്തരവിന്റെ മറവിൽ വിമലാലയം സ്‌കൂൾ നടത്തിവരുന്ന സിഎംഐ സഭയ്ക്ക് സർക്കാർ ഭൂമി പതിച്ചുനൽകുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടന്നുവരുന്നതെന്നാണ് അളവ് ആരംഭിച്ചിട്ടുള്ള സ്ഥലത്തിന് അവകാശം ഉ്ന്നയിച്ച്,പട്ടയ അപേക്ഷ നൽകിയിട്ടുള്ള നാട്ടുകാരുടെ ആരോപണം.
മിച്ചഭൂമിയുണ്ട്, പട്ടയം വേണമെന്ന് നാട്ടുകാർ
പ്രദേശത്ത് സർക്കാരിന്റെ മിച്ചഭൂമിയുണ്ടെന്നും അതിനാൽ പട്ടയം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരിൽ ഒരു വിഭാഗം ബന്ധപ്പെട്ട അധികൃതർക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ നടന്നുവരുന്ന ഭൂമി അളക്കലിന് പിന്നിൽ ശക്തമായ രാഷ്ട്രീയ-സാമ്പത്തീക ഇടപെടലുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.ലാൻ്ബോർഡ് അവാർഡിൽ പിഴവ് ഉണ്ടെന്നും അതുമൂലം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഭൂമി അളന്ന്,അതിരുകൾ തിരിച്ച് നൽകണമെന്നും കാണിച്ചായിരുന്നു ഫാദർ റോണേഴ്സ് പീച്ചാട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ലാന്റ് ബോർഡ് അവാർഡിൽ 10.80 ഏക്കർ മാത്രമാണ് വിമലാലയത്തിന് നൽകിയത് എന്നാണ് രേഖകളിലുള്ളത്.12-ാം നമ്പർ തണ്ടപ്പേർ പ്രകാരം 17 ഏക്കറോളം ഭൂമിയാണ് സഭയുടെ കൈവശമുള്ളത് എന്നും രേഖകളിലുണ്ട്.ഇതിൽ തന്നെ സർവ്വേ നമ്പർ 23/4 ൽ ഉൾപ്പെട്ട 6 .44 ഏക്കറിലധികം വരുന്ന ഭൂമി കുത്തകപാട്ട ഭൂമിയാണെന്ന് റവന്യൂവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കണമെന്ന റിപ്പോർട്ടിൽ നടപടിയില്ല
ഈ ഭൂമിയുടെ കരം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും അതിനാൽ ഭൂമി തിരികെ സർക്കാർ ഏറ്റെടുക്കണമെന്നും ആവ്യപ്പെട്ട് കെ.ഡി.എച്ച് വില്ലേജ് ഓഫീസർ 531/22 നമ്പറായി കഴിഞ്ഞ വർഷം ജൂൺ 8-ന് ദേവികുളം ആർ.ഡി.ഒ എന്നിവർക്ക് കത്ത് നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നേറുന്നത്.കോടതി വിധിയിൽ കൈവശ ഭൂമി അളന്ന് തിരിച്ച് കൊടുക്കാൻ നിർദ്ദേശമില്ലന്നരിക്കെ,ഇപ്പോൾ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്ന് കിടക്കുന്ന ഏക്കറുകണക്കിന് മിച്ചഭൂമി അളക്കുന്നതിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ശക്തമായിട്ടുണ്ട്.
ഇതിനും പുറമെ സ്‌കൂൾ നടത്തിവരുന്ന സഭയിലെ വൈദീകരിൽ ചിലരുമായി പ്രത്യക്ഷത്തിൽ റവന്യുവകപ്പ് ഉദ്യോഗസ്ഥർ പുലർത്തിവരുന്ന അടുപ്പവും സംശയങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്.നടപടിക്രങ്ങൾക്ക് പുറത്ത്,ഭൂമി സ്വന്തമാക്കുന്നതിന് ലക്ഷ്യമിട്ട് സ്‌കൂൾ നടത്തിപ്പുകാർ കളം നിറഞ്ഞ് കളിക്കുകയാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇത്രയും ഭൂമി എങ്ങനെയാണ് കൈവശം വക്കാൻ സാധിക്കുക ,ലിത്തോ മാപ്പ് പ്രകാരം കിലോമീറ്ററുകൾ അകലെയുള്ള സർവ്വേ നമ്പർ 56 /11 പ്രകാരം തണ്ടപ്പേർ 12 ൽ കാണിച്ചിരിക്കുന്ന 3.80 ഏക്കർ എങ്ങനെയാണ് കൊരണ്ടിക്കാട് വിമലാലയം സി.എം.ഐ സഭയുടെ കൈവശം ലഭിച്ചത് എന്നുതുടങ്ങി നിരവധി സംശയങ്ങൾ ഉന്നയിച്ച് ഇതിനകം നാട്ടുകാർ റവന്യൂവകുപ്പിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
കോടതി വിധിയിൽ തണ്ടപ്പേർ 12 ൽ പറയുന്ന ഭൂമി അളന്ന് തിരിച്ച് കൊടുക്കാൻ മാത്രമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.തണ്ടപ്പേർ 12 ൽ പറഞ്ഞിരിക്കുന്ന സർവ്വേ നമ്പറുകളുടെ ആധികാരികത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
റവന്യുവകുപ്പിന്റെ കൈവശം ഈ പ്രദേശത്തെ വിവരങ്ങൾ ഉൽക്കൊള്ളിച്ചുള്ള ഒന്നിലധികം ലിത്തോ മാപ്പുകൾ ഉണ്ടെന്നുള്ള വിവരവും പ്രരിച്ചിരുന്നു. ഇതിൽ ഏത് മാപ്പ് പ്രകാരമാണ് ഇപ്പോൾ അളക്കുന്നതെന്ന് വ്യക്തമല്ല.
മാപ്പിന്റെ ആധികാരിക സംബന്ധിച്ച് വ്യക്തതയില്ലെന്നും അതിനാൽ അളവ് അംഗികരിക്കാൻ കഴിയില്ലെന്നും ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ള പ്രദേശവാസികളുടെ തീരുമാനം.
റവന്യുഉദ്യോഗസ്ഥർക്ക് സഭയുമായി അടുത്ത ബന്ധം
ഭൂമി അളക്കൽ സംബന്ധിച്ച് ഉയർന്നിട്ടുള്ള പരാതികൾ പരിശോധിക്കണ്ട റവന്യൂ ഉദ്യോഗസ്ഥർ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ നിത്യസന്ദർശകരായി മാറയിട്ടുണ്ടെന്നും ഇതിന് പിന്നിൽ വൻ സാമ്പത്തീക ഇടപെടലാണ് നടക്കുന്നതെന്നും മറ്റുമുള്ള ആരോപണങ്ങളും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
മൂന്നുമാസത്തിനകം ഭൂമി അളന്ന് തിരിച്ച് നൽകാനാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.കണ്ണൻ ദേവൻ ഹിൽസ് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട് 1971 പ്രകാരം കെ.ഡി.എച്ച് വില്ലേജ് പരിധിയിലെ ഗവൺമെന്റ് ഭൂമി കൈവശം വയ്ക്കുന്നത് അനധികൃത കടന്നുകയറ്റമായി കണക്കാക്കണമെന്നാണ് ചട്ടം.
ഇത് 6 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടാണ് കണക്കാക്കുന്നത്.ഈ നിയമം നിലനിൽക്കെ വർഷങ്ങളായി സർക്കാർ ഭൂമി കൈവശം വച്ചിരുന്നെന്ന് തെളിഞ്ഞിട്ടും വിമലാലയം സ്‌കൂൾ മാനേജ് മെന്റിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മടിക്കുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്
കൈവശ ഭൂമിക്ക് പട്ടയം നൽകണമെന്ന് കാണിച്ച നൽകിയ അപേക്ഷകൾ കെഡിഎച്ച് ആക്ട് ചൂണ്ടിക്കാട്ടി അധികൃതർ തള്ളിയിരുന്നു.ഇതെ നിയമം വിമലാലയം സി.എം.ഐ സഭക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് പരാതിക്കാരായ പ്രദേശവാസികളുടെ ചോദ്യം
കണ്ണൻ ദേവൻ ഹിൽസ് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട്.1971 പ്രകാരം തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനും സർക്കാർ ആവശ്യങ്ങൾക്കും ആയി ഏറ്റെടുത്ത മിച്ച ഭൂമി എങ്ങനെയാണ് കൃഷിക്കാരോ തോട്ടം തൊഴിലാളികളോ തോട്ടങ്ങളുടെ സ്ഥാപിത കുടുംബാഗങ്ങളോ അല്ലാത്ത വിമലാലയം സി എം.ഐ സഭയുടെ കൈവശത്തിൽ ലഭിച്ചത് എന്നുള്ള ചോദ്യവും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാൻ നീക്കമെന്നും ആരോപണം
തോട്ടങ്ങളുടെ രൂപീകരണത്തിന് നേതൃത്വം നൽകിയവരുടെ പിന്മുറക്കാർക്കാരായ തങ്ങൾക്ക് ഈ മേഖലിലെ മിച്ചഭൂമിയിൽ അവകാശം ഉണ്ടെന്നും നിരവധി പേർ കയറിക്കിടക്കാൻ ഒരിടമില്ലാതെ നട്ടം തരിയുകയാണെന്നും ഈ സാഹചര്യത്തിലാണ് അവകാശപ്പെട്ട ഭൂമി തീറെഴുതി നൽകാൻ സർക്കാർതലത്തിൽ നീക്കം നടക്കുന്നതെന്നും പട്ടയ അപേക്ഷകർ പരിതപിക്കുന്നു.
മാട്ടുപ്പെട്ടി കൊരണ്ടിക്കാട് നിവാസികൾ കെ.ഡി.എച്ച് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട് സെക്ഷൻ 9 പ്രകാരം മിച്ചഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിയമപ്രകാരം പട്ടയത്തിന് അർഹരായ തങ്ങളുടെ അപേക്ഷ മാറ്റിവച്ച്, കോടതി വിധിയുടെ പേരിൽ സഭയ്ക്ക് വേണ്ടി റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ തിടുക്കപ്പെട്ട് നടത്തിവരുന്ന ഭൂമി അളക്കൽ നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും നീതി ലഭിച്ചില്ലങ്കിൽ തങ്ങൾ പ്രത്യക്ഷ സമരപരിപാടിയുമയി രംഗത്തിറങ്ങുമെന്നും പട്ടയ അപേക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറുനാടന്‍ മലയാളി ലേഖകന്.