- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം; അതിർത്തിയിൽ ഡ്രോൺ പട്രോളിങ് തുടങ്ങി
കൽപ്പറ്റ: വയനാട്ടിൽ മാനന്തവാടിക്കടുത്തുള്ള തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം പതിവാകുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചിട്ടുണ്ട്. വാഹന പരിശോധന വർദ്ധിപ്പിച്ചു.
സെപ്റ്റംബർ അവസാനവാരം കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. കേരള വനം വികസന കോർപ്പറേഷൻ (കെ എഫ് ഡി സി) ഓഫീസിലേക്ക് സായുധരായ ആറംഗ സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. മാനേജറുമായി സംസാരിക്കാനെന്ന തരത്തിൽ ആദ്യം സംഘം ക്യാബിനിൽ കയറി. തുടർന്ന് ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷം ഓഫീസ് ആക്രമിക്കുകയായിരുന്നു.
കമ്പ്യൂട്ടറുകളും, ജനൽ ചില്ലുകളും, ഫർണിച്ചറുകളും അടിച്ചുതകർത്തു. ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രദേശത്തു നിന്നും സംഘം കടന്നു കളഞ്ഞിരുന്നു.എസ്റ്റേറ്റ് തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകുക, അർബുദം വിതയ്ക്കുന്ന ആസ്ബറ്റോസ് ഷീറ്റുകളിൽ നിന്ന് മോചനം നൽകുക, വാസയോഗ്യമായ വീടിനായി സംഘം ചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. സംഭവം നടന്ന ഉടൻ എസ്റ്റേറ്റ് ഡിവിഷണൽ മാനേജർ ബാദുഷ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ