- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്സലുകളെ കൊന്നൊടുക്കുന്ന കുത്തക മുതലാളിമാർക്ക് കീഴടങ്ങിയ പിണറായി സർക്കാരിന് നവകേരളസദസ്സിൽ ശക്തമായ മറുപടി നൽകണം; സംസ്ഥാന സർക്കാരിനെതിരേ കോഴിക്കോട് കളക്ടർക്ക് വീണ്ടും മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്
കോഴിക്കോട്: നവകേരള സദസ്സിനെതിരെ മാവോയിസ്റ്റ് ഭീഷണി. സംസ്ഥാനസർക്കാരിനെതിരേ കളക്ടർക്ക് വീണ്ടും ഭീഷണിക്കത്ത് കോഴിക്കോട് കലക്ടർക്കാണ് ലഭിച്ചത്. 'സിപിഐ.എം.എൽ. റെഡ് ഫ്ളാഗ് വയനാട് ദളം' എന്നവകാശപ്പെട്ടാണ് വ്യാഴാഴ്ച കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് തപാൽമാർഗം കത്ത് ലഭിച്ചത്. നക്സലുകളെ കൊന്നൊടുക്കുന്ന കുത്തകമുതലാളിമാർക്ക് കീഴടങ്ങിയ പിണറായിസർക്കാരിന് നവകേരളസദസ്സിൽ ശക്തമായ മറുപടി നൽകാൻ ആഹ്വാനംചെയ്യുന്നതാണ് കത്തിന്റെ ഉള്ളടക്കം.
കത്തിന്റെ ഉടവിടം കണ്ടെത്താൻ രഹസ്യാന്വേഷണവിഭാഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. എന്നാൽ, കത്ത് നടക്കാവ് പൊലീസിന് കളക്ടർ കൈമാറിയിട്ടില്ല. വിവരം പുറത്താകരുതെന്ന് പൊലീസിന് കളക്ടർ കർശനനിർദേശവും നൽകിയിട്ടുണ്ട്. ഉത്തരമേഖല ഐ.ജി., സിറ്റി പൊലീസ് കമ്മിഷണർ, ഡി.സി.പി. എന്നിവർക്കുമാത്രമേ കളക്ടർ വിവരം നൽകിയിട്ടുള്ളൂ.
നവംബർ 24 മുതൽ 26 വരെയാണ് ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സ്. 14-നാണ് ഇത്തരത്തിൽ മറ്റൊരു കത്ത് കളക്ടർക്ക് ലഭിച്ചത്. 'വയനാട്ടിലും കണ്ണൂരിലും ഉണ്ടായപോലെ മാവോവാദികൾക്കുനേരെ അതിക്രമമുണ്ടായാൽ കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോടും പൊട്ടിക്കു'മെന്നായിരുന്നു ഉള്ളടക്കം.
ഈ കത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് രണ്ടാമത്തെ ഭീഷണിക്കത്ത് എത്തുന്നത്. 14-ന് കിട്ടിയ കത്തിൽ ആരാണ് എഴുതിയതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. എന്നാൽ, വ്യാഴാഴ്ച കിട്ടിയ കത്തിൽ 'സി.പിഐ. എം.എൽ. റെഡ് ഫ്ളാഗ് വയനാട് ദളം' എന്നാണ് എഴുതിയിട്ടുള്ളത്.-




